പൈലറ്റ് പണിമുടക്ക്: സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ കാനഡ 

By: 600002 On: Sep 10, 2024, 11:10 AM

 


പൈലറ്റ് പണിമുടക്കിന് മുന്നോടിയായി സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനവുമായി എയര്‍ കാനഡ. സെപ്റ്റംബര്‍ 15 ഞായറാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ എയര്‍ കാനഡയ്‌ക്കോ 5,200 എയര്‍ കാനഡ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷനോ(ALPA) 72  മണിക്കൂര്‍ ലോക്കൗട്ട് അല്ലെങ്കില്‍ പണിമുടക്ക് നോട്ടീസ് നല്‍കാം എന്നിരിക്കെയാണ് എയര്‍ കാനഡയുടെ തീരുമാനം. എയര്‍ കാനഡയ്‌ക്കൊപ്പം എയര്‍ കാനഡ റൂജും മൂന്ന് ദിവസത്തേക്ക് ഫ്‌ളൈറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 670 ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. സര്‍വീസുകള്‍ റദ്ദാക്കുന്നത് പ്രതിദിനം 110,000 യാത്രക്കാരെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. 

2023 ജൂണ്‍ മുതല്‍ ജീവനക്കാര്‍ എയര്‍ കാനഡയുമായി ചര്‍ച്ച നടത്തിവരികയാണ്. കഴിഞ്ഞയാഴ്ച അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൈലറ്റുമാര്‍ക്ക് 30 ശതമാനം വേതന വര്‍ധന എയര്‍ കാനഡ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ ജീവനക്കാര്‍ക്ക് ആനുപാതികമായ ശമ്പളം വേണമെന്ന് അറിയിച്ച യൂണിയന്‍ ഈ നിര്‍ദ്ദേശം തള്ളിയിരുന്നു.