ഒന്റാരിയോയുടെ കെയര്‍ നെറ്റ്‌വര്‍ക്കില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നു. ഓരോ മൂന്ന് ദിവസത്തിലും ഒന്റാരിയോയില്‍ ഒരു കുട്ടി മരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇത് കെയര്‍ നെറ്റ് വര്‍ക്കിന്റെ പരാജയത്തെ എടുത്ത്കാണിക്കുന്നു. വിവരവാകാശ നിയമപ്രകാരം ദേശീയ മാധ്യമം ശേഖരിച്ച വിവരങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. 2020 നും 2022 നും ഇടയില്‍ ഏതെങ്കിലും രൂപത്തില്‍ സര്‍ക്കാരിന്റെ സംരക്ഷണയിലായിരുന്ന 354 കുട്ടികളാണ് മരിച്ചത്. സര്‍ക്കാര്‍ ഏറ്റവും അടിസ്ഥാനപരമായ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണെന്നതിലേക്കാണ് ഈ ഡാറ്റ വിരല്‍ ചൂണ്ടുന്നത്.
2020 ല്‍ കെയര്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് 104 കുട്ടികള്‍ മരിച്ചതായാണ് കണക്കുകള്‍. 2021 ല്‍ 129 ഉം 2022 ല്‍ 121 മരണങ്ങളും രേഖപ്പെടുത്തി.
കുട്ടികളുടെ മരണം സംബന്ധിച്ച് അന്വേഷിക്കാനും സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനും ഒന്റാരിയോ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് അഡ്വക്കസി ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു.