മിസിസാഗയില്‍ രണ്ട് വവ്വാലുകള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം 

By: 600002 On: Sep 10, 2024, 9:10 AM

 

 

മിസിസാഗയില്‍ രണ്ട് വവ്വാലുകളില്‍ പേവിഷബാധ(rabies) സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പീല്‍ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്തോളം തവണയാണ് മേഖലയില്‍ മാരകമായ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. 

കഴിഞ്ഞയാഴ്ച നോര്‍ത്തേണ്‍ ഒന്റാരിയോയില്‍ പേവിഷബാധയെ തുടര്‍ന്ന് ബ്രാന്റ്‌ഫോര്‍ഡ് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വവ്വാലുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ പറഞ്ഞു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പേവിഷബാധ പടര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രോഗിയുടെ കുടുംബത്തെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.  

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരും, വൈറസ് വാഹകരായ റാക്കൂണ്‍, കുറുക്കന്‍, സ്‌കങ്ക് എന്നിവയുടെ കടിയോ നഖം കൊണ്ടുള്ള പോറലോ ഏറ്റവരും ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.