ട്രില്യൺ ഡോളർ ക്ലബ്ബിലേക്ക് ഇലോൺ മസ്‌ക്; തൊട്ടുപിന്നിൽ ഈ ഇന്ത്യക്കാരനും, ആസ്തിയുടെ വളർച്ച അമ്പരപ്പിക്കുന്നത്

By: 600007 On: Sep 9, 2024, 3:58 PM

 

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഇലോൺ മസ്‌കാണ്. എന്നാൽ രണ്ടാമത്തെ സ്ഥാനത്തേക്ക് അധികം താമസിയാതെ ഈ ഇന്ത്യക്കാരൻ എത്തുമെന്നാണ് റിപ്പോർട്ട്. "2024 ട്രില്യൺ ഡോളർ ക്ലബ്" എന്ന പേരിൽ ഇൻഫോർമ കണക്ട് അക്കാദമിയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് മേധാവി ഇലോൺ മസ്‌ക് 2027-ഓടെ ട്രില്യൺ ഡോളർ ക്ലബിൽ കയറും. മാസ്കിന്റെ വാർഷിക സമ്പത്തിന്റെ  വളർച്ചാ നിരക്ക് 110% ആണ്. 

എന്നാൽ മസ്കിനു പിറകെ ഈ പട്ടികയിൽ ഇടം പിടിക്കുക ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ ഗൗതം അദാനിയാണ്. 2028-ഓടെ അദാനി ട്രില്യൺ ഡോളർ ക്ലബിൽ കയറും. അദാനിക്ക് പിന്നാലെ, എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ബിസിനസ് ടൈക്കൂൺ പ്രജോഗോ പാൻഗെസ്റ്റു എന്നിവരും ഈ നാഴികക്കല്ല് പിന്നിടുമെന്നാണ് സൂചന. 

വൈദ്യുതി ഉൽപ്പാദനം,തുറമുഖങ്ങളും ടെർമിനലുകളും, കൃഷി, ലോജിസ്റ്റിക്‌സ് തുടങ്ങി വൈവിധ്യമാർന്ന വ്യവസായങ്ങളിൽ അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്. കമ്പനിയുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 122.86% ആണ്. ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി  84 ബില്യൺ ഡോളറാണ്. 

കഴിഞ്ഞ മാസം അവസാനമാണ് മുകേഷ് അംബാനിയെ അട്ടിമറിച്ച്  രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം  ഗൗതം അദാനി വീണ്ടെടുത്തത്. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി.