തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എയര്‍ കാനഡ പൈലറ്റുമാര്‍ 30 ശതമാനം വേതന വര്‍ധന നിര്‍ദ്ദേശം നിരസിച്ചു. മറ്റ് പ്രധാന നോര്‍ത്ത് അമേരിക്കന്‍ എയര്‍ലൈനുകളിലെ പൈലറ്റുമാര്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാള്‍ കുറവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓഫര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദിഷ്ട ശമ്പള വര്‍ധന അംഗങ്ങള്‍ നിരസിച്ചതെന്ന് 5,400 എയര്‍ കാനഡ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയര്‍ ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍(ALPA) വ്യക്തമാക്കി. ഈ തീരുമാനം സെപ്റ്റംബര്‍ 18 ന് കാനഡയിലുടനീളം പണിമുടക്കിന് സാധ്യത വര്‍ധിപ്പിക്കുന്നു.
ടൊറന്റോ, വാന്‍കുവര്‍, മോണ്‍ട്രിയല്‍ തുടങ്ങിയ പ്രധാന കനേഡിയന്‍ നഗരങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ എയര്‍ കാനഡയുടെ കോംപന്‍സേഷന്‍ സ്ട്രക്ചര്‍ അപര്യാപ്തമാണെന്ന് യൂണിയന്‍ നിരന്തരം ആശങ്ക പ്രകടിപ്പിച്ചു. ALPA പ്രകാരം, പല പൈലറ്റുമാരും സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കാരണം ന്യായമായ ജീവിതനിലവാരം നിലനിര്‍ത്തുന്നതിന് കൂടുതല്‍ വെല്ലുവിളി നേരിടുന്നുണ്ട്. അതുകൊണ്ടാണ് എയര്‍ കാനഡയുടെ ഈ ഓഫര്‍ നിലവിലുള്ള ശമ്പള നിലവാരത്തേക്കാള്‍ കൂടുതലാണെന്ന് വിശദീകരിച്ചിട്ടും വേതന വര്‍ധന ശുപാര്‍ശ നിരസിക്കപ്പെട്ടതെന്ന് അസോസിയേഷന്‍ പറയുന്നു.