എഡ്മന്റണില്‍ ഡെലിവറി തൊഴിലാളിയുടെ കുത്തേറ്റ് ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 4 ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് പഞ്ചാബ് സ്വദേശിയായ 22 കാരന്‍ ജഷന്‍ദീപ് സിംഗ് മന്‍ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കള്‍ ജഷാന്‍ എന്ന് വിളിക്കുന്ന ജഷാന്‍ദീപ് എട്ട് മാസം മുമ്പാണ് കാനഡയിലെത്തിയത്.
ടിം ഹോര്‍ട്ടന്റെ ഫ്രാഞ്ചൈസിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനിടെയാണ് ജഷന്‍ദീപ് സിംഗ് മന്നിന് കുത്തേറ്റത്. കൊലപാതകത്തില്‍ 40 വയസ്സുള്ള എഡ്ഗര്‍ വെസ്‌കര്‍ എന്നയാളെ അറസ്റ്റ് ചെയ്തതായും സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ആന്വേഷണം ആരംഭിച്ചു.