തെല്‍ അവിവ്: ബന്ദിമോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുമ്പോഴും ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ കൂടുതൽ സൈനിക നടപടി വേണമെന്ന് അടിയന്തര സുരക്ഷാ സമിതി യോഗത്തിൽ നെതന്യാഹു പറഞ്ഞു. അതിനിടെ മൂന്ന് സൈനികരുടെ കൊലയെ തുടർന്ന് ജോർദാൻ- വെസ്റ്റ് ബാങ്ക് അതിർത്തിയിൽ വൻസുരക്ഷയൊരുക്കി. ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കിടയിലും വെടിനിർത്തൽ കരാറിനോട് മുഖംതിരിച്ച് നെതന്യാഹു. സൈന്യത്തെ പൂർണമായും ഗസ്സയിൽ നിന്ന് പിൻവലിക്കില്ലെന്ന രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് നെതന്യാഹു അമേരിക്കയെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
കരാർ നടപ്പാക്കാൻ ബൈഡൻ ഭരണകൂടം പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടു വെക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ മധ്യസ്ഥ രാജ്യങ്ങളുടെ നീക്കവും പ്രതിസന്ധിയിലായി. ഉത്തര ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഗസ്സ സിവിൽ എമർജൻസി സർവിസ് ഡെപ്യൂട്ടി ഡയറക്ടറും നാല് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ജോർഡൻ-വെസ്റ്റ് ബാങ്ക് അതിർത്തിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് ഇസ്രായേലികൾ ഇന്നലെ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.