ന്യൂയോർക്കിൽ ഭീകരാക്രമണത്തിന് പദ്ധതി; പാക് ഭീകരൻ കാനഡയിൽ അറസ്റ്റിൽ

By: 600007 On: Sep 7, 2024, 4:42 PM

വാഷിംഗ്ടൺ : ജൂതന്മാർക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരൻ കാനഡയിൽ  അറസ്റ്റിൽ. ഷഹ്‌സേബ് ജാദൂൻ എന്ന മുഹമ്മദ് ഷാസെബ് ഖാനാണ് അറസ്റ്റിലായത്.

ഇയാൾ കാനഡയിൽ താമസിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

ഇസ്രായേലിനെതിരെ ഹമാസ് ഭീകരാക്രമണത്തിൻ്റെ വാർഷിക ദിനമായ ഒക്ടോബർ ഏഴിന് ന്യൂയോർക്ക് സിറ്റിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പേരിൽ ജൂതരെ കൊന്നൊടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കുന്നു. ബ്രൂക്കിനിലെ ജൂത കേന്ദ്രത്തിലെത്തി കൂട്ട വെടിവയപ്പ് നടത്തുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചനക്കാരെന്ന വ്യാജേനയാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഈ വിവരം കണ്ടെത്തിയത്.

യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഓർംസ്ടൗൺ പട്ടണത്തിൽ വച്ചാണ് ഖാനെ കനേഡിയൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാളെ അമേരിക്കയ്ക്ക് കൈമാറാൻ ആവശ്യപ്പെടുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.