കാനഡയിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നു

By: 600007 On: Sep 7, 2024, 4:21 PM

താൽക്കാലിക താമസക്കാരും സമീപകാല കുടിയേറ്റക്കാരും കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാലത്ത് തൊഴിൽ ക്ഷാമം നികത്താൻ രാജ്യത്ത് എത്തിയവര്‍ ഇപ്പോൾ ജോലി കണ്ടെത്താൻ പാടുപെടുകയാണ്.
വിദേശ തൊഴിലാളികൾ, അന്തർദേശീയ വിദ്യാർത്ഥികൾ, കാനഡയിലേക്ക് കുടിയേറിയവര്‍ എന്നിവരുൾപ്പെടെ താൽക്കാലിക താമസക്കാരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 11 ശതമാനത്തില്‍ എത്തിയതായി സാമ്പത്തിക വിശകലന സ്ഥാപനമായ ബ്ലൂംബെർഗ് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വന്നിറങ്ങിയ കുടിയേറ്റക്കാര്‍ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്, അവരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 12.6% ആയി. കാനഡയിലെ തൊഴിൽ വിപണിയിലെ സമ്മര്‍ദ്ദം യുവ തൊഴിലാളികളെയും പുതുതായി രാജ്യത്ത് എത്തിയവരേയും ബാധിച്ചിട്ടുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്‌ലെം പറഞ്ഞു.

കാനഡയിലെ തൊഴിലില്ലായ്മ ആഗസ്റ്റിൽ 6.7 ശതമാനമായി ഉയർന്നു. 2017 മെയ് ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.ബാങ്ക് ഓഫ് കാനഡ ബുധനാഴ്ച തുടർച്ചയായി മൂന്നാം തവണയും അതിന്റെ പ്രധാന പലിശനിരക്ക് കുറച്ചിരുന്നു. പണപ്പെരുപ്പം വർദ്ധിക്കുകയാണെങ്കിൽ ഇനിയും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന് സൂചനയും നൽകിയിട്ടുണ്ട്.ബാങ്ക് ഓഫ് കാനഡ പലിശ  നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ച് 4.5% ആക്കി. ജൂണിൽ പലിശനിരക്ക് അഞ്ച് ശതമാനത്തിൽ നിന്നും കാൽ ശതമാനം കുറച്ച് 4.75 ആയിരുന്നു.


വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാന്‍ കോവിഡ് മഹാമാരി കാലത്ത് ട്രൂഡോ ഗവൺമെന്‍റ് എടുത്ത തീരുമാനം തിരിച്ചടിയായതായി ആണ് വ്യക്തമാകുന്നത്. 2022 ൽ ജോലി ഒഴിവുകൾ നികത്താൻ അധിക തൊഴിലാളികൾ ആവശ്യമായിരുന്നു എങ്കിലും അതിനു ശേഷം ഒഴിവു വരുന്ന തസ്തികകൾ ഇല്ലാതാകുന്നതിനാല്‍ പുതുമുഖങ്ങൾ കൂടുതലായി തൊഴില്‍ രഹിതരാകുകയാണ്.താൽക്കാലിക താമസക്കാരുടെ എണ്ണം കുറയുന്നതിനനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് കുറയാനാണ് സാധ്യത. പുതുതായി വരുന്നവർക്ക് കാനഡയില്‍ തൊഴിൽ വിപണിയുമായി പൂർണ്ണമായി സമരസപ്പെടാന്‍ വർഷങ്ങളെടുക്കും. സമീപകാല കുടിയേറ്റക്കാരുടെ തൊഴിലില്ലായ്മ നിരക്ക് കനേഡിയൻ വംശജരായ തൊഴിലാളികളേക്കാൾ ഇരട്ടിയിലധികമാണ്. എന്നാല്‍ ഒരു ദശാബ്ദമോ അതിൽ കൂടുതലോ കഴിഞ്ഞാൽ, കുടിയേറ്റക്കാർ കാനഡയിൽ ജനിച്ചവരുടെ അതേ നിരക്കിൽ ജോലി കണ്ടെത്തുന്നതായാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ വർധനവ് സംഭവിക്കുന്നതും കാനഡയിൽ തൊഴില്‍ ക്ഷാമത്തിനിളള കാരണങ്ങളില്‍ ഒന്നാണ്.
  
 താത്കാലിക തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങള്‍ സെപ്റ്റംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുകയും തദ്ദേശീയരായ യുവാക്കള്‍ തൊഴില്‍ രഹിതരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കനേഡിയന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.

വിവിധ തൊഴില്‍ മേഖലയില്‍ 20 ശതമാനം വരെ കുറഞ്ഞ വേതനത്തില്‍ താത്കാലികമായി വിദേശ തൊഴിലാളികള്‍ക്ക് നിലവിലുണ്ടായിരുന്ന അവസരം 10 ശതമാനമായി കുറച്ചു. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമാണ്. എന്നാല്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 14.2 ശതമാനമാണെന്നാണ് കനേഡിയന്‍ എംപ്ലോയ്‌മെന്റ്, വര്‍ക്‌ഫോഴ്‌സ് ഡെവലപ്പ്‌മെന്റ് ആന്റ് ഒഫീഷ്യല്‍ ലാംഗ്വേജസ് മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നത്.

2021നും 2023നും ഇടയില്‍ അനുവദിച്ച തൊഴില്‍ വീസകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 2.4 ലക്ഷം പേരാണ് ടിഎഫ്ഡബ്ല്യൂ സംവിധാനത്തിലൂടെ കാനഡയില്‍ ജോലിക്കെത്തിയത്. റസ്‌റ്റോറന്റ്, റീട്ടെയ്ല്‍ മേഖലകളിലാണ് ഭൂരിഭാഗം ആളുകളും ജോലി ചെയ്തിരുന്നത്.

അതേസമയം, കാനഡയില്‍ കുടിയേറ്റ നയം നടപ്പാക്കിയതോടെ നിരവധി വിദേശ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 70,000ത്തോളം വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതിനോടൊപ്പം സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയായത്. വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. 2023ല്‍ കാനഡയിലുള്ള ആകെ വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ഥികളാണെന്നാണ് കണക്ക്. ഭവനം, ആരോഗ്യസംരക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് പരിഗണിച്ചാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് നല്‍കുന്നത് നിയന്ത്രിക്കുന്നത്.

തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള മേഖലകളില്‍ താത്ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും. തൊഴിലുടമകള്‍ക്ക് നിയമിക്കാനാകുന്ന കുറഞ്ഞ വേതനമുള്ള താത്ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം മൊത്തം തൊഴില്‍ശേഷിയുടെ വിഹിതം 10 ശതമാനം ആയി കുറയ്ക്കും. കുറഞ്ഞ വേതനമുള്ള താത്ക്കാലിക വിദേശ തൊഴിലാളികളുടെ പെര്‍മിറ്റ് രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കും തുടങ്ങിയ മാറ്റങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി, ഭക്ഷ്യ സംസ്‌കരണം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള ചില മേഖലകളെ ഈ മാറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു.

കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയുടെ ബഹുഭൂരിപക്ഷവും കുടിയേറ്റം കാരണമാണ്. ജസ്റ്റിന്‍ ട്രൂഡോയും അദ്ദേഹത്തിന്റെ സര്‍ക്കാരും സേവനങ്ങളും താമസ സൗകര്യങ്ങളും വര്‍ധിപ്പിക്കാതെ കുടിയേറ്റം വര്‍ധിപ്പിക്കുകയാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡയുടെ കണക്കനുസരിച്ച് 2023ല്‍ ഏകദേശം 1,83,820 താതക്കാലിക വിദേശ തൊഴിലാളി പെര്‍മിറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് 2019നെ അപേക്ഷിച്ച് 88 ശതമാനം കൂടുതലാണ്. 2024ന്റെ തുടക്കത്തില്‍ താത്ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിന്റെ കുറഞ്ഞ വേതന സ്ട്രീം വഴി 28,730 പേരെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

കാനഡയിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 26,495 തൊഴിലാളികളാണ് താത്കാലിക ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ 2023ല്‍ കാനഡയില്‍ എത്തിയത്. 2022ല്‍ 2,20,000 പുതിയ വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും കാനഡയിലേക്കെത്തിയത്. കാനഡയിലേക്ക് ഏറ്റവുമധികം വിദ്യാര്‍ഥികളെയെത്തിക്കുന്ന രാജ്യം കൂടിയായി ഇന്ത്യ മാറി.


2000നും 2020നും ഇടയില്‍ കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ജനസംഖ്യ 6,70,000ല്‍ നിന്ന് പത്ത് ലക്ഷമായി വര്‍ധിച്ചു. 2020ലെ കണക്ക് അനുസരിച്ച് 10,21,356 രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ കാനഡയില്‍ താമസിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 18 ലക്ഷം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ കാനഡയില്‍ ഉണ്ട്.

ഇവിടെ താത്ക്കാലികമായി താമസിക്കുന്നവരുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം അത് 6.8 ശതമാനം ആയിരുന്നു ഇത്. ഇപ്പോഴത്തെ നടപടികള്‍ താത്ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 65,000 ആയി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംപ്ലോയ്മെന്റ് മന്ത്രി റാണ്ടി ബോയ്സോണോള്‍ട്ട് പറയുന്നു.

രാജ്യത്ത് എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കുന്നതിനായി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടുത്തിടെ കാനഡ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യക്കാരെ ബാധിക്കുന്ന കാനഡയുടെ നയമാറ്റത്തിന് പിന്നില്‍ അടുത്തിടെ ഉണ്ടായ നയതന്ത്ര രംഗത്തെ വിള്ളലാണ് എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.