ഗാസ യുദ്ധത്തിന് പിന്നാലെ കൊക്കക്കോള, പെപ്സി വിൽപനയിൽ വൻ ഇടിവ്

By: 600007 On: Sep 6, 2024, 4:07 PM

ഗാസ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെയുണ്ടായ ബഹിഷ്കരണത്തിൽ തിരിച്ചടി നേരിട്ട് കൊക്കക്കോളയും പെപ്സിയും അടക്കമുള്ള പ്രമുഖ ശീതളപാനീയ ബ്രാന്‍ഡുകൾ. ഈജിപ്ത്, പാക്കിസ്ഥാൻ തുടങ്ങി പതിറ്റാണ്ടുകളായി കൊക്കക്കോള, പെപ്സി ബ്രാന്‍ഡുകള്‍ക്ക് വലിയ വിപണിയുള്ള രാജ്യങ്ങളിലാണ് ഇപ്പോൾ ഏറ്റവുമധികം വിൽപന കുറഞ്ഞിരിക്കുന്നത്. ഗാസ യുദ്ധത്തിനുശേഷം, കമ്പനികളുടെ വളർച്ച അപ്പാടെ ഇല്ലാതാവുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു. ഇസ്രായേലിന് ആയുധ പിന്തുണ അടക്കം നല്‍കുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ തീരുമാനിച്ചതോടെയാണ് കമ്പനികൾക്ക് തിരിച്ചടിയുണ്ടായത്.

കൊക്കക്കോള ബഹിഷ്കരണത്തിന് പിന്നാലെ ഈജിപ്തില്‍ പ്രാദേശിക സോഡ ബ്രാൻഡായ വി7 ൻ്റെ കയറ്റുമതിയിൽ 40 ശതമാനം വർധനവാണുണ്ടായത്. നിലവില്‍ കൊക്കക്കോളയുടെ മൂന്നിരട്ടി വിപണി ഈ പ്രാദേശിക പാനീയത്തിനുണ്ട്. ബംഗ്ലാദേശിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള കൊക്കക്കോള ബഹിഷ്കരണത്തിൻ്റെ പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊക്കക്കോളയുടെ വിൽപ്പനയിൽ 23 ശതമാനം കുറവാണ് ആഹ്വാനത്തിന് ശേഷമുണ്ടായത്.

പാകിസ്ഥാനാല്‍ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളടക്കം ബഹിഷ്കരണമേറ്റെടുത്ത് പെപ്സിക്ക് തിരിച്ചടിയായി. പകരം, പ്രാദേശിക കോള ബ്രാന്‍ഡായ കോള നെക്സ്ടിന് ആവശ്യക്കാർ കുതിച്ചുയർന്നു. 2.5 ശതമാനത്തിനടുത്ത് വിപണിയുണ്ടായിരുന്ന കമ്പനിയുടെ ലാഭമിപ്പോള്‍ 12 ശതമാനത്തിന് മുകളിലാണ്.

അതേസമയം, ചരിത്രത്തില്‍ ആദ്യമായല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നത്. 1960 കളിൽ ഇസ്രയേലിലെ ഫാക്ടറി തുറന്ന കൊക്കക്കോളയുടെ നീക്കത്തെ അറബ് സഖ്യരാജ്യങ്ങള്‍ ബഹിഷ്കരണം കൊണ്ടാണ് നേരിട്ടത്. 1990കളുടെ തുടക്കം വരെ നീണ്ടു നിന്നു ആ ബഹിഷ്കരണം. മറ്റ് പ്രമുഖ അമേരിക്കന്‍ ഭക്ഷ്യബ്രാന്‍ഡുകളായ മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ് എന്നിവയും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേല്‍ ബഹിഷ്കരണത്തിന്‍റെ ഭാഗമായി തിരിച്ചടി നേരിടുന്നുണ്ട്.