ഗാസ വെടിനിർത്തൽ: യുഎസ് തയാറാക്കുന്ന പുതിയ പദ്ധതി ഏതാനും ദിവസത്തിനകം

By: 600007 On: Sep 6, 2024, 8:13 AM

 

ജറുസലം: ഗാസയിലെ വെടിനിർത്തൽ കരാറിന് യുഎസ് തയാറാക്കുന്ന പുതിയ പദ്ധതി ഏതാനും ദിവസത്തിനകം തയാറായേക്കും. ഖത്തറും ഈജിപ്തും യുഎസും ചേർന്നു നേരത്തേ നടത്തിയ മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു പുതിയ വ്യവസ്ഥകളോടെ കരാർ ഒരുങ്ങുന്നത്. തെക്കൻ ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന ഇസ്രയേൽ നിലപാടിലും ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേൽ ജയിലിൽനിന്നു വിട്ടയയ്ക്കേണ്ട പലസ്തീൻ തടവുകാരുടെ എണ്ണം സംബന്ധിച്ചുമാണു തർക്കം. ഈ തർക്കം പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഹമാസിനൊപ്പം സൗദി അറേബ്യ അടക്കം 5 അറബ് രാജ്യങ്ങൾ യുദ്ധാനന്തരവും ഫിലഡെൽഫിയ ഇടനാഴിയിൽ ഇസ്രയേൽ സൈന്യം തുടരാനുള്ള നീക്കത്തെ എതിർക്കുന്നു.