ഇന്‍ഡോ-കനേഡിയന്‍ ഗായകന്‍ എപി ധില്ലന്റെ വീടിന് നേരെ വെടിവെപ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ ഗ്രേറ്റര്‍ വിക്ടോറിയ ഏരിയയിലെ കോള്‍വുഡ് റേവന്‍വുഡ് റോഡിന്റെ 3300 ബ്ലോക്കില്‍ രണ്ട് വാഹനങ്ങളിലായി എത്തിയവര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് വെസ്റ്റ് ഷോര്‍ ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഗായകന്റെ വീടിന് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ധില്ലന്‍ താനും കുടുംബവും സുരക്ഷിതരാണെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെയാണ് ധില്ലന്റെ വീടിന് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് തിരിച്ചറിഞ്ഞത്. വിക്ടോറിയ ഐലന്‍ഡ് ഏരിയയില്‍ ഗായകന്റെ വീടിന് മുന്‍പിലായും ടൊറന്റോയില്‍ വുഡ് ബ്രിഡ്ജിലും വെടിവെപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വെടിവെപ്പിന്റെ ഉത്തരവാദിത്വം ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്‌ണോയിയും രോഹിത് ഗോദരയും ഏറ്റെടുത്തു.
വെടിവെപ്പ് ആസൂത്രണം ചെയ്തതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വെസ്റ്റ് ഷോര്‍ ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു.
നേരത്തെ എപി ധില്ലന് ബിഷ്‌ണോയില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ധില്ലന്റെ പുതിയ മ്യൂസിക് വീഡിയോയില്‍ നടന്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.