സന്ദര്‍ശകര്‍ക്കും താല്‍ക്കാലിക താമസക്കാര്‍ക്കും മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ് കാനഡ. അംഗീകരിക്കുന്ന വിസകളുടെ എണ്ണം കുറച്ചും ഔദ്യോഗിക രേഖകളുമായി അതിര്‍ത്തിയില്‍ എത്തുന്ന വിദേശ പൗരന്മാരെ പിന്തിരിപ്പിച്ചും പ്രവേശനം നിഷേധിക്കുകയാണ് രാജ്യം. രാജ്യത്തുടനീളം തുടരുന്ന ഭവനപ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണക്കാര്‍ കുടിയേറ്റക്കാരാണെന്ന ആരോപണം ഉയര്‍ന്നതോടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കാനഡ. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ വിദേശികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്.
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി സര്‍വേകളില്‍ പിന്നിലായതോടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ താല്‍ക്കാലിക താമസക്കാര്‍ക്കും മറ്റ് കുടിയേറ്റക്കാര്‍ക്കും വിസ നിഷേധിക്കുന്നത് തുടരുകയാണ്.
ജൂലൈയില്‍, കാനഡ 5853 വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, 2024 ലെ ആദ്യ ഏഴ് മാസങ്ങളില്‍ പ്രതിമാസം ശരാശരി 3,727 വിദേശ യാത്രക്കാരെ മടക്കി അയച്ചതായാണ് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണ് വിസ നിഷേധിക്കലില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.