കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പുറത്തുള്ള ഉപയോഗശൂന്യമായ പകുതിയിലധികം ഓഫീസ് കെട്ടിടങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചു. ഓഫീസ് സ്ഥലം സബ്‌ലീസിന് നല്‍കിയിരുന്ന കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് തീരുമാനം. കാനഡ വെസ്റ്റേണ്‍ ബാങ്കിന്(CWB) 18 മില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ കമ്പനിക്ക് പ്രതിസന്ധി നേരിട്ടതോടെയാണ് തീരുമാനം. കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഇന്‍ക് ആണ് വില്‍പ്പനയുടെ മേല്‍നോട്ടം വഹിക്കുന്നത്.
180,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിലെ 146,000 ചതുരശ്ര അടി ഓഫീസ് സ്‌പെയ്‌സാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് കോര്‍പ്പറേറ്റ് സെന്റര്‍ അതിന്റെ സ്‌പെയ്‌സ് നികത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നതായി കോടതി രേഖകള്‍ കാണിക്കുന്നു. അതേസമയം, 2023 മെയ് മാസത്തില്‍ കെട്ടിടത്തില്‍ 65 ശതമാനം ഉപയോഗശൂന്യമാണെന്നും ഒഴിവുണ്ടെന്നും CWB യുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കെട്ടിടം സബ്‌ലീസ് ചെയ്യുന്ന കമ്പനി പിന്നീട് 2024 ജനുവകിയില്‍ വേക്കന്‍സി റേറ്റ് 51.6 ശതമാനമാണെന്ന് വ്യക്തമാക്കി.
മള്‍ട്ടി-ടയര്‍ ഓണര്‍ഷിപ്പാണ് കെട്ടിടത്തിന്റേത്. അണ്ടര്‍ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലീസിന് കീഴിലാണ്. പിന്നീട് മുകളിലത്തെ ഏഴ് നിലകള്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കി. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റിയാണ്.