ഈ ഐഫോണ്‍ മോഡലുകള്‍ക്ക് അധികം ആയുസില്ല; ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ സാധ്യത

By: 600007 On: Sep 3, 2024, 10:16 AM

കാലിഫോര്‍ണിയ: സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റിലേക്ക് ഉറ്റുനോക്കുകയാണ് ടെക് ലോകം. 'ഇറ്റ്‌സ് ഗ്ലോടൈം' എന്ന് ആപ്പിള്‍ വിശേഷിപ്പിക്കുന്ന പരിപാടിയില്‍ ഐഫോണ്‍ 16 സിരീസും മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കും. നിലവിലുള്ള ചില സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളും ഡിവൈസുകളും ഇതോടെ ആപ്പിള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. അവ ഏതൊക്കെയാണ് എന്ന സൂചനകള്‍ നോക്കാം. 

പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതോടെ മുന്‍ തലമുറ ഫ്ലാഗ്‌ഷിപ്പ് ഐഫോണുകള്‍ പിന്‍വലിക്കുന്ന പതിവ് 2018 മുതല്‍ ആപ്പിളിനുണ്ട്. ഇത്തവണയും ആ ട്രെന്‍ഡ് ആപ്പിള്‍ പിന്തുടരും എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏതൊക്കെ മോഡലുകളാവും ആപ്പിള്‍ കമ്പനി പിന്‍വലിക്കുക എന്നറിയുമോ. പുത്തന്‍ ഐഫോണ്‍ 16 പ്രോ മോഡലുകളുടെ വരവോടെ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ സാധ്യത തെളിയുന്നത്. അങ്ങനെ സംഭവിച്ചാലും ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ വിപണിയില്‍ തുടരാന്‍ ആപ്പിള്‍ അനുവദിച്ചേക്കും.