'ബാക്ക് ടു സ്‌കൂള്‍': കുട്ടികളുടെ സ്‌കൂള്‍ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കരുതെന്ന്  മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍ 

By: 600002 On: Sep 3, 2024, 8:44 AM

 


പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും രക്ഷിതാക്കളും. ആദ്യ ദിവസം സന്തോഷത്തോടെ സ്‌കൂളുകളിലേക്ക് അയക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ കൊണ്ട് സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ളവ നിറയും. എന്നാല്‍ കുട്ടികളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് അത്രനല്ല പ്രവണതയല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കാനഡയിലെ വിദഗ്ധര്‍. വ്യക്തിപരമായ ചിത്രങ്ങള്‍ പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നിവയില്‍ പോസ്റ്റ് ചെയ്യുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പ്രിടെക്റ്റ് പ്രൊട്ടക്ഷന്‍ സര്‍വീസസിലെ ഡിജെ ലോറന്‍സ് പറയുന്നു. 

കുട്ടികള്‍ ആദ്യ ദിവസം സ്‌കൂളിലേക്ക് പോകുന്നതിന്റെ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് മുമ്പ് സ്വയം ആലോചിക്കണമെന്ന് ലോറന്‍സ് പറയുന്നു. ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ ചിലര്‍ നല്ല ഉദ്ദേശ്യത്തോടെയാരിക്കില്ല ചിത്രം കാണുന്നത്. ഫോട്ടോ ദുരുപയോഗം ചെയ്യാനും ഇതുവഴി കുട്ടിക്ക് അപകടസാധ്യതയുണ്ടാകാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

കുട്ടിയുടെ ചിത്രവും പേര് വിവരങ്ങളും കൂടാതെ സ്‌കൂളിന്റെയും അധ്യാപകരുടെയും പേര് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിവിധ തരത്തിലുള്ള ആളുകള്‍ ഇടപെടുന്ന ഇടമാണ്. ഒരുപാട് അപരിചിതര്‍ ചിത്രങ്ങള്‍ വീക്ഷിക്കുകയും വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. ഇത് കുട്ടികളെ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയമാക്കന്‍ ഇവര്‍ ഉപയോഗിക്കുമെന്നും ലോറന്‍സ് വ്യക്തമാക്കി. അതിനാല്‍ സന്തോഷമുള്ള കാര്യമാണെങ്കിലും ഇതിന് പിന്നിലുള്ള അപകടത്തെ മുന്‍നിര്‍ത്തി കുട്ടികളുടെ ഫോട്ടോകള്‍ പരമാവധി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

കുട്ടികള്‍ ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വിവരം ലഭിച്ചാല്‍ ഉടന്‍ cybertip.ca സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.