അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി) ഇറക്കിയ വാറണ്ടിന് വില കല്‍പ്പിക്കാതെ മംഗോളയിലേക്ക് പറക്കാന്‍ ഒരുങ്ങി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. സെപ്തംബർ മൂന്നിന് മംഗോളിയ സന്ദര്‍ഷിക്കാനിരിക്കുന്ന പുടിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ പ്രസിഡന്‍റ് മംഗോളിയയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്കപ്പെടുന്നില്ലെന്നായിരുന്നു സംഭവത്തോട് ക്രെംലിൻ പ്രതികരിച്ചത്.
2023 മാർച്ചിൽ യുക്രെയിനിൽ നിന്ന് നൂറുകണക്കിന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തി എന്ന യുദ്ധക്കുറ്റം ആരോപിച്ചാണ് ഹേഗ് ആസ്ഥാനമായുള്ള ഐസിസി കഴിഞ്ഞ വർഷം മാർച്ചിൽ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അന്ന് തന്നെ ക്രെംലിൻ തള്ളിക്കളഞ്ഞിരുന്നു. ഐസിസി അംഗമെന്ന നിലയിൽ, മംഗോളിയയ്ക്ക് പുടിനെ അറസ്റ്റ് ചെയ്യാൻ സാങ്കേതികമായി സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. പക്ഷേ, മംഗോളിയ അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് പൊതു നിരീക്ഷണവും.
2000 ഡിസംബറിലാണ് മംഗോളിയ ഐസിസിയുടെ റോം ഉടമ്പടിയിൽ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം, ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തി രാജ്യത്ത് കാലുകുത്തിയാല്‍ അറസ്റ്റ് നടപ്പാക്കാനുള്ള അധികാരം മംഗോളിയ അടക്കം 124 ഐസിസി അംഗ രാജ്യങ്ങള്‍ക്കുമുണ്ട്. 2022 ൽ യുക്രൈന്‍ ആക്രമണം ആരംഭിച്ചതിന് പുടിന്‍ തന്‍റെ വിദേശ സന്ദർശനങ്ങൾ വെട്ടിക്കുറച്ചിരുന്നു. യുദ്ധം തുടങ്ങി രണ്ട് വർഷത്തിന് ശേഷം പുടിന്‍ സന്ദർശിക്കുന്ന ആദ്യ ഐസിസി അംഗരാജ്യം കൂടിയാണ് മംഗോളിയ.