പ്രവിശ്യാ സര്‍ക്കാരിന്റെ പുതിയ നയം: ഓരോ ഓര്‍ഡറിനും രണ്ട് ഡോളര്‍ അധികം നിരക്ക് ഈടാക്കുമെന്ന് ഊബര്‍ ഈറ്റ്‌സ് 

By: 600002 On: Sep 2, 2024, 12:26 PM

 


ബ്രിട്ടീഷ് കൊളംബിയയില്‍ അടുത്തയാഴ്ച മുതല്‍ രാത്രി വൈകി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഊബര്‍ ഈറ്റ്‌സ്. ഓരോ ഓര്‍ഡറിനും 2 ഡോളര്‍ അധികം ഈടാക്കുമെന്ന് ഊബര്‍ ഈറ്റ്‌സ് അറിയിച്ചു. പ്രവിശ്യാ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മറികടക്കാന്‍ ഈ വര്‍ധനവ് ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് അധിഷ്ഠിത റൈഡ് ഹെയ്‌ലിംഗ്, ഡെലിവറി തൊഴിലാളികളുടെ മിനിമം വേതനവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരും.  

അതേസമയം, ബീസി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ചെലവേറിയ മൈലേജ് നിരക്കിനെക്കുറിച്ച് കമ്പനി ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, ഓര്‍ഡര്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കുറയുന്നത് തൊഴിലാളികളുടെ ജോലിയും കുറയ്ക്കുമെന്ന ആശങ്കയുമുണ്ടെന്ന് കമ്പനി പറയുന്നു. അതിനാല്‍ ഓര്‍ഡറുകളുടെ നിരക്ക് വര്‍ധിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതായി കമ്പനി വിശദീകരിച്ചു. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പ്രതികരണം അറിഞ്ഞതിന് ശേഷം മുന്നോട്ടുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഊബര്‍ ഈറ്റ്‌സ് പറഞ്ഞു.