സറേയില്‍ കെയര്‍ പ്രൊവൈഡറായി ചമഞ്ഞ് വൃദ്ധരില്‍ നിന്നും പണം തട്ടിയെടുത്ത യുവതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

By: 600002 On: Sep 2, 2024, 10:04 AM

 

 

കെയര്‍ പ്രൊവൈഡറായി ആള്‍മാറാട്ടം നടത്തി വൃദ്ധരെ വഞ്ചിച്ച യുവതിക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി സറേ ആര്‍സിഎംപി. അന ചംദാല്‍ എന്ന യുവതിയെയാണ് തടവ് ശിക്ഷ വിധിച്ചത്. 2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയില്‍ വ്യാജ കെയര്‍ എയ്ഡായി പ്രവര്‍ത്തിച്ച ചംദാല്‍ ലോവര്‍ മെയിന്‍ലാന്‍ഡിലെ നിരവധി വൃദ്ധരെ കബളിപ്പിച്ച് അവരില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൃദ്ധരെ പരിചരിക്കാനെന്ന വ്യാജേന വീടുകളിലെത്തി അവരുടെ വിശ്വാസം നേടിയ ശേഷം ബാങ്കിംഗ് വിവരങ്ങളും മറ്റ് സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുകയും അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുകയുമാണ് ചെയ്തത്. പണം കൂടാതെ, സെല്‍ഫോണുകള്‍, ആഭരണങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളും പ്രതി മോഷ്ടിച്ചിരുന്നു. 

ചംദാലിനെതിരെ പരാതി ലഭിച്ചയുടനെ സറേ ആര്‍സിഎംപി സാമ്പത്തിക കുറ്റകൃത്യ വിഭാഗം 2022 ജൂലൈ 27 ന് അന ചംദാലിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ട ചംദാലിനെ കെയര്‍ ഫെസിലിറ്റികളില്‍ ജോലി ചെയ്യുന്നതിന് വിലക്കി. 2023 ജനുവരി 20 ന് ചംദാലിനെതിരെ 65 വഞ്ചനാകുറ്റങ്ങളും ആക്രമണകുറ്റവും ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. സറേ, റിച്ച്മണ്ട്, വൈറ്റ് റോക്ക് എന്നിവടങ്ങളില്‍ 20 ഓളം പേരെ കബളിപ്പിക്കുകയും ഇവരില്‍ നിന്നും 60,000 ഡോളറിലധകം തട്ടിയെടുത്തതായും പോലീസ് റിപ്പോര്‍ട്ട് ചെയ്തു.