ഈസ്റ്റേണ്‍ ഒന്റാരിയോയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഹൈവേ 401 ല്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച 18 ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ചുമത്തിയതായി ലെനക്‌സ് ആന്‍ഡ് അഡിംഗ്ടണ്‍ കൗണ്ടി പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഷാനന്‍വില്ലെ റോഡില്‍ ഹൈവേയുടെ വെസ്റ്റ്‌ബോണ്ടിലാണ് ട്രാന്‍സ്‌പോര്‍ട്ട് ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
സംഭവസ്ഥലത്തെത്തിയ പോലീസ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ഗതാതത കുരുക്ക് ഒഴിവാക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. ഇതിനിടയില്‍ അപകടസ്ഥലത്ത് കൂടെ കടന്നുപോയ വാഹനങ്ങളിലുള്ളവര്‍ സെല്‍ഫോണുകളില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തതായും രണ്ട് ട്രാന്‍സ്‌പോര്‍ട്ട് ട്രക്ക് ഡ്രൈവര്‍മാരുള്‍പ്പെടെ 18 ഡ്രൈവര്‍മാര്‍ക്ക് 615 ഡോളര്‍ വീതം പിഴ ചുമത്തിയതായും പോലീസ് എക്‌സില്‍ കുറിച്ചു.