15 -കാരനായി നടിച്ച് 29 -കാരൻ ലൈംഗികമായി ചൂഷണം ചെയ്തത് 286 പെൺകുട്ടികളെ. ഇതിൽ പലരും 16 വയസ്സിൽ താഴെയുള്ളവരാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഓസ്ട്രേലിയയിൽ താമസിക്കുന്ന പാകിസ്ഥാൻകാരനായ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദ് എന്നയാളാണ് പിടിയിലായത്. വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഓസ്ട്രേലിയയിൽ എത്തിയതാണ് ഇയാളുടെ കുടുംബം.
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ കുട്ടികൾക്ക് നേരെ നടന്ന ഏറ്റവും വലിയ ലൈംഗികാതിക്രമം എന്നാണ് സംഭവത്തെ കുറിച്ച് പറയുന്നത് ഇതുപോലെ ഒരു കേസ് ഓസ്ട്രേലിയയിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല, ഞെട്ടിക്കുന്ന സംഭവം എന്നാണ് ജഡ്ജി പോലും പ്രതികരിച്ചത്. 17 വർഷത്തേക്കാണ് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. 38 -ാമത്തെ വയസ്സിൽ 2033 -ൽ മാത്രമാണ് ഇയാൾക്ക് പരോൾ ലഭിക്കുക.
15 വയസ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് കാണിച്ചാണ് ഇയാൾ പെൺകുട്ടികളെ പരിചയപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പെൺകുട്ടികളെ ഇയാൾ ലക്ഷ്യമിട്ടിരുന്നു.
യുകെ, യുഎസ്, ജപ്പാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള 286 പേരുമായി ബന്ധപ്പെട്ട 119 കുറ്റങ്ങൾ ഇയാൾ സമ്മതിച്ചു. ഇയാൾ അതിക്രമം കാണിച്ച പെൺകുട്ടികളിൽ മൂന്നിൽ രണ്ടുപേർ 16 വയസ് തികയാത്തവരാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വീട്ടുകാർക്ക് അവരുടെ മെസ്സേജുകളും ചിത്രങ്ങളും അയച്ചു കൊടുക്കും എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടികളിൽ പലരേയും അതിക്രമത്തിന് ഇരയാക്കിയത് എന്നും പെർത്ത് കോടതി പറയുന്നു.
15 -കാരനായി നടിച്ച് കുട്ടികളെ ഓൺലൈനിൽ സമീപിക്കുകയും തന്‍റെ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കുകയും അവരുടെ വിശ്വാസം നേടുന്നതിനായി ആദ്യം സാധാരണപോലെയുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു ഇയാൾ. പിന്നീട്, മറ്റ് ചില ചിത്രങ്ങൾ അയാക്കാനാവശ്യപ്പെടുകയായിരുന്നു. 15 -കാരനെന്ന വിശ്വാസത്തിൽ പല പെൺകുട്ടികളും ചിത്രങ്ങളയച്ചു കൊടുത്തു. പിന്നീട്, ഇയാൾ ഈ ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തന്റെ ഡിമാൻഡുകൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ന ദിവസത്തിനുള്ളിൽ, ഈ സമയത്തിനുള്ളിൽ താൻ ചിത്രങ്ങൾ അയച്ചുകൊടുക്കും എന്ന് ഇയാൾ പറഞ്ഞതായും കോടതി പറയുന്നു. അതുപോലെ, മാനസികമായി തകർന്നിരിക്കുന്ന കുട്ടികളെയാണ് ഇയാൾ പലപ്പോഴും ലക്ഷ്യം വച്ചത് എന്നും പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ ലക്ഷ്യമിട്ട് ഉപദ്രവിക്കുന്ന ഒരാൾ ഓസ്‌ട്രേലിയയിൽ ഉണ്ടെന്ന് കരുതപ്പെടുന്നതായി ആദ്യം അറിയിച്ചത് ഇൻ്റർപോളും അമേരിക്കയിലെ പൊലീസുമാണ്. അവർ ബന്ധപ്പെട്ടതിനെത്തുടർന്ന് 2021 -ൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് റഷീദിനെതിരെ ആദ്യം കുറ്റം ചുമത്തി.
പെർത്ത് പാർക്കിൽ രണ്ട് വ്യത്യസ്ത അവസരങ്ങളിലായി 14 വയസ്സുള്ള കുട്ടിയെ കാറിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ ഇയാൾ.