ഭൂമികുലുക്ക സാധ്യത കണക്കിലെടുത്ത് ബീസിയില്‍ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം(എര്‍ത്ത്ക്വക്ക് ഏര്‍ലി വാണിംഗ്) അവതരിപ്പിച്ചു. ഭൂകമ്പം ഉണ്ടാകുന്നത് നേരത്തെ അറിയാനും അതനുസരിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പ്രവിശ്യയില്‍ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം(EEW) പ്രവര്‍ത്തനക്ഷമമായതായി ഫെഡറല്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
സെന്‍സറുകളുടെ ശൃംഖല ഉപയോഗിച്ച്, അഞ്ചില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ നേരത്തെ കണ്ടെത്തുകയും തുടര്‍ന്ന് സെല്‍ഫോണുകള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയിലേക്ക് നാഷണല്‍ പബ്ലിക് അലേര്‍ട്ടിംഗ് സിസ്റ്റം വഴി മുന്നറിയിപ്പ് അയയ്ക്കുകയും ചെയ്യുന്നു. ഭൂമികുലുക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങളെ സജ്ജമാക്കാനും മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സംവിധാനം സഹായിക്കുമെന്നും അപായങ്ങളും മറ്റ് അപകടസാധ്യതകളും കുറയ്ക്കാന്‍ സാധിക്കുമെന്നും എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് ക്ലൈമറ്റ് റെഡിനസ് മിനിസ്റ്റര്‍ ബോവിന്‍ മാ പറഞ്ഞു.
കൂടാതെ, ഭൂമികുലുക്ക സാധ്യത നേരത്തെ അറിയുന്നത് ട്രെയിന്‍ യാത്ര, പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയ്ക്കും സുരക്ഷ ഒരുക്കാന്‍ സഹായിക്കുമെന്ന് നാച്വറല്‍ റിസോഴ്‌സ് കാനഡ പറയുന്നു. വിമാനങ്ങള്‍ ലാന്‍ഡിംഗ് ചെയ്യുന്നത് നിര്‍ത്തിവെക്കാനും,പാളം തെറ്റുന്നത് തടയാന്‍ ട്രെയിന്‍ യാത്ര നിര്‍ത്തിവെക്കാനും സംവിധാനം വഴി സാധ്യമാകും.