തീപിടുത്ത സാധ്യത: കാനഡയില്‍ മൂന്ന് ലക്ഷത്തിലധികം സാംസങ് ഇലക്ട്രിക് സ്റ്റൗകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Aug 31, 2024, 12:42 PM

 


തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാനഡയില്‍ മൂന്ന് ലക്ഷത്തിലധികം സാംസങ് ഇലക്ട്രിക് സ്റ്റൗകള്‍ തിരിച്ചുവിളിക്കുന്നതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. സ്റ്റൗവില്‍ നിന്നും അപകടമുണ്ടായി ചിലര്‍ക്ക് പരുക്കേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഹെല്‍ത്ത് കാനഡ റീകോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സാംസങിന്റെ ഇലക്ട്രിക് സ്ലൈഡ്-ഇന്‍ ശ്രേണികളുടെ നിരവധി മോഡലുകളാണ് ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചിരിക്കുന്നത്. സ്റ്റൗവിന്റെ മുന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്ന നോബുകള്‍ അറിയാതെ തട്ടിയാല്‍ പോലും ആകസ്മികമായി ആക്ടിവേറ്റാവുകയും പെട്ടെന്ന് തീപിടിക്കാന്‍ കാരണമാവുകയും ചെയ്യുന്നുവെന്ന് റീകോള്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. 2013 മുതല്‍ 2024 ഓഗസ്റ്റ് വരെ രാജ്യത്തുടനീളം ഏകദേശം 326,250 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്നാണ് കണക്കുകള്‍. 

അപകടസാധ്യതയുള്ള സ്റ്റൗവുകള്‍ക്ക് മോഡലിനെ ആശ്രയിച്ച് നോബ് ലോക്കുകളോ കവറോ സൗജന്യമായി നല്‍കുമെന്ന് സാംസങ് ഇലക്ട്രോണിക്‌സ് കാനഡ അറിയിച്ചു. കൂടാതെ തിരിച്ചുവിളിച്ചിരിക്കുന്ന മോഡലിന് പകരം അനുയോജ്യമായ സൗജന്യ സെറ്റ് ലഭിക്കുന്നത് വരെ  തിരിച്ചുവിളിച്ച സ്റ്റൗ സുരക്ഷാ മുന്‍കരുതല്‍ പാലിച്ചുകൊണ്ട് ഉപയോഗിക്കാനും കമ്പനി നിര്‍ദ്ദേശിച്ചു.