യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഏഴ് യാത്രക്കാര്‍ക്ക് പരുക്കേറ്റു

By: 600002 On: Aug 31, 2024, 12:11 PM

 


യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഏഴ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച മെക്‌സിക്കോ കാന്‍കൂണില്‍ നിന്നും ചിക്കാഗോയിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ആടിയുലഞ്ഞ വിമാനത്തിനുള്ളിലെ ഏഴ് യാത്രക്കാര്‍ക്ക് പരുക്കേറ്റതായി അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. വിമാനം അടിയന്തരമായി മെംഫിസ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. 

വിമാനത്താവളത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളെത്തി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി ആറ് പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടു. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. 

ഏഴ് ജീവനക്കാരടക്കം 179 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മെംഫിസില്‍ ഇറങ്ങിയ വിമാനം പിന്നീട് ചിക്കാഗോ  അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയി. രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം എത്തിച്ചേര്‍ന്നത്.