ലിബറല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ജഗ്മീത് സിംഗിനോട് ആവശ്യപ്പെട്ട് പിയേര്‍ പൊലിയേവ്

By: 600002 On: Aug 30, 2024, 6:28 PM

 

ലിബറല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊലിയേവ് ന്യൂ ഡെമോക്രാറ്റ് ലീഡര്‍ ജഗ്മീത് സിംഗിന് കത്തയച്ചു. ലിബറലുകളുമായുള്ള പാര്‍ട്ടിയുടെ കരാറില്‍ നിന്ന് പിന്മാറണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ലിബറല്‍ സര്‍ക്കാരിനുള്ള പിന്തുണ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി പിന്‍വലിച്ചാല്‍ ഈ ഫാള്‍ സീസണില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് പൊലിയേവ് അഭിപ്രായപ്പെടുന്നത്. 

ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന ലിബറല്‍ സര്‍ക്കാര്‍ നയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുന്നതായി പൊലിയേവ് പറഞ്ഞു. ന്യൂ ഡെമോക്രാറ്റ് പാര്‍ട്ടിക്കൊപ്പം ബ്ലോക്ക് ക്യുബെക്കോയിസും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ അരാജകവും അഴിമതി നിറഞ്ഞതുമായ ഭരണം ഒരു വര്‍ഷം കൂടി നീളുന്നത് ജനങ്ങള്‍ക്ക് താങ്ങാനാകില്ലെന്ന് പറഞ്ഞ പൊലിയേവ് അടുത്ത മാസം ഹൗസ് ഓഫ് കോമണ്‍സ് പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് ആഹ്വാനം ചെയ്തു.