കൊച്ചി: നാല് ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൺ കാഴ്ചക്കാരെ ആകർഷിച്ച് എആര്‍എം ട്രെയ്ലര്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി ഈ ഓണത്തിന് പ്രദർശനത്തിനെത്തും.
ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു .ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. ദൃശ്യ വിസ്മയമൊരുക്കിയ ട്രെയ്ലര്, ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഈ അഞ്ച് ഭാഷകളിലുമായി ചിത്രത്തിന്റെ ട്രൈലറുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ട്രെയ്ലര് പുറത്തു വന്നത്. തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.