കാനഡയില്‍ വില്ലന്‍ ചുമ കേസുകള്‍ വര്‍ധിക്കുന്നു

By: 600002 On: Aug 30, 2024, 1:08 PM

 


കാനഡയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും പ്രദേശങ്ങളിലും വില്ലന്‍ചുമ കേസുകള്‍ വര്‍ധിക്കുകയാണ്. കോവിഡ് പാന്‍ഡെമികിന് മുമ്പുള്ള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുത്തനെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ക്യുബെക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ക്യുബെക്കില്‍ 11,670 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വില്ലന്‍ ചുമ രോഗികളില്‍ ഭൂരിഭാഗവും 10 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്ന് ക്യുബെക്ക് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

ജൂണ്‍ വരെ, ഒന്റാരിയോയില്‍ 470 വില്ലന്‍ ചുമ കേസുകളാണ് സ്ഥിരീകരിച്ചത്. ടൊറന്റോയില്‍ 99 കേസുകളും ഓട്ടവയില്‍ 76 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാന്‍ഡെമിക്കിന് മുമ്പ് രേഖപ്പെടുത്തിയിരിക്കുന്ന വാര്‍ഷിക ശരാശരിയുടെ ഇരട്ടിയിലധികമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പെര്‍ട്ടുസിസ് എന്നും അറിയപ്പെടുന്ന വില്ലന്‍ ചുമ, ശ്വസനത്തിലൂടെയും അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് പടരുന്നത്. രോഗബാധിതനായ വ്യക്തിയുടെ ചുമയിലൂടെയും തുമ്മലിലൂടെയും എളുപ്പത്തില്‍ പടരുന്ന ബോര്‍ഡെറ്റെല്ല പെര്‍ട്ടുസിസ് എന്ന ബാക്ടീരിയയാണ് വില്ലന്‍ചുമയ്ക്ക് കാരണമാകുന്നത്. ചുമ, ശ്വാസം മുട്ടല്‍, ബോധക്ഷയം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.