'അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രോഗ്രാമുകള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നു': വിമര്‍ശനവുമായി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് 

By: 600002 On: Aug 30, 2024, 12:41 PM

 

 

കാനഡയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പ്രോഗ്രാമും ടെംപററി ഫോറിന്‍ വര്‍ക്കേഴ്‌സ് പ്രോഗ്രാമും ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. രാജ്യത്തെ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രീലാന്‍ഡിന്റെ ആരോപണം. ഈ വര്‍ഷമാദ്യം കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനും സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരുന്നു. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും വിദേശ തൊഴിലാളികളെയും കാനഡയിലെ സ്വന്തമാളുകളായാണ് കാണുന്നത്. അതിനാലാണ് അവര്‍ക്ക് ധാരാളം വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നത്. എന്നാല്‍ സിസ്റ്റത്തില്‍ ചില ദുരുപയോഗ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഫ്രീലാന്‍ഡ് പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന വ്യാജ സ്ഥാപനങ്ങളെ ഫ്രീലാന്‍ഡ് കുറ്റപ്പെടുത്തി. ചില സ്ഥാപനങ്ങള്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് പകരം വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഫ്രീലാന്‍ഡ് വിശദീകരിച്ചു. 

താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമുകള്‍ അടുത്തകാലത്തായി സജീവമായി കൊണ്ടിരിക്കുകയാണ്. എങ്കിലും ഈ പ്രോഗ്രാമിലും തെറ്റായ പല പ്രവണതകളുമുണ്ട്. ഡൊമസ്റ്റിക് വേജ് അടിച്ചമര്‍ത്തുകയും തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയതിനാല്‍ പ്രോഗ്രാം വിമര്‍ശന വിധേയമാണെന്നും അവര്‍ വ്യക്തമാക്കി. തൊഴിലുടമയുടെ ചൂഷണവും തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങളും തൊഴിലാളികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഉയര്‍ന്ന തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, അണ്‍അഫോര്‍ഡബിള്‍ ഹൗസിംഗ് തുടങ്ങിയവ കുടിയേറ്റക്കാരുടെ കാരണം കൊണ്ടല്ല, കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമയുടെ ചൂഷണവും നയപരമായ പരാജയങ്ങളുമാണെന്ന് ഫ്രീലാന്‍ഡ് ചൂണ്ടിക്കാട്ടി.