ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പരിപാടിയിലെ ഭീകരാക്രമണ പദ്ധതി: പതിനായിരക്കണക്കിന് ആളുകളെ കൊല്ലാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രണം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ 

By: 600002 On: Aug 30, 2024, 11:51 AM

 


ഐഎസ് തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് വിയന്നയില്‍ നടത്താനിരുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ. പരിപാടിക്കിടെ പതിനായിരക്കണക്കിന് ആളുകളെ കൊല്ലാനുള്ള പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തതെന്ന് സിഐഎ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിക്രൂരമായി കൂട്ടകൊലപാതകങ്ങള്‍ നടത്താനുള്ള ഗൂഢാലോചനയാണ് പരിപാടി റദ്ദാക്കിയതിലൂടെ പരാജയപ്പെടുത്തിയതെന്ന് മേരിലാന്‍ഡില്‍ നടന്ന ഇന്റലിജന്‍സ് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ ഡേവിഡ് കോഹന്‍ വ്യക്തമാക്കി. 

സ്വിഫ്റ്റിന്റെ ഇറാസ് ടൂര്‍ ഷോകളാണ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയത്. ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേരെ ഓസ്ട്രിയന്‍ പോലീസ് പിടികൂടി. ഓസ്ട്രിയന്‍ പൗരനായ 19കാരനാണ് പിടിക്കപ്പെട്ടവരില്‍ ഒരാള്‍. പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കരുതുന്ന വ്യക്തിയാണ് പിടിയിലായ മറ്റൊരാള്‍. താന്‍ ഐഎസിനോട് കൂറുള്ള വ്യക്തിയാണെന്ന് 19കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ വീട്ടില്‍  നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും കണ്ടെത്തിയിരുന്നു.