മഹാ ഒരുമയുടെ പെരുമയുമായി മഹാഓണം സെപ്റ്റംബർ 7ന്

By: 600002 On: Aug 29, 2024, 4:40 PM

ടൊറന്റോ: വ്യത്യസ്ത കലാലയങ്ങളിൽനിന്ന്, വ്യത്യസ്ത നഗരങ്ങളിൽനിന്ന്, വ്യത്യസ്ത കലാമേഖലകളിൽനിന്ന്- ഒരുമയുടെ ഒരായിരം മനസുകളാണ് മഹാഓണത്തിനായി ഒന്നിക്കുന്നത്. പുതുമകൾ നിറഞ്ഞ  പന്ത്രണ്ടോളം പരിപാടികളിലൂടെ നൂറുകണക്കിന്  പ്രേക്ഷകർക്ക് കാഴ്ചയുടെ നവ്യാനുഭവങ്ങൾ സമ്മാനിച്ച ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് മഹാഓണവും വ്യത്യസ്തമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. അതാകട്ടെ, വടക്കൻ അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഓണാഘോഷമാക്കുകയെന്ന ലക്ഷ്യത്തോടെ.. 

കാനഡയിലെ തന്നെ ഏറ്റവും തിരക്കേറിയ വേദികളിലൊന്നായ ടൊറന്റോ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ചയാണ് ‘മഹാഓണം’. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് പതിനൊന്നു വരെ  വിവിധ പരിപാടികളിലൂടെ കേരളത്തിന്റെ സാംസ്കാരികപെരുമ വിളിച്ചറിയിക്കുന്ന ആഘോഷത്തിന് പ്രവേശനം സൗജന്യം. ഇതാദ്യമായാണ് മലയാളികളുടേതായ ഒരു ആഘോഷം യങ് ആൻഡ് ഡണ്ടാസിൽ നടക്കുക.

സാങ്കോഫ സ്ക്വയർ എന്ന പുനർനാമകരണം ഉടൻ നടക്കുമെന്നതിനാൽ ഒരുപക്ഷേ മഹാഓണം യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിലെ ചരിത്ര സംഗമങ്ങളിലൊന്നായി മാറിയേക്കാം. പൂരപ്രഭയിലുള്ള മേളമാണ് മേളപ്രമാണിമാരിലൊരാളായ പെരുവനം കുട്ടൻമാരാരുടെ പിൻമുറക്കാരൻ കലാനിലയം കലാധരൻമാരാരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരിമേളവും പാണ്ടിമേളവുമെല്ലാമായി ഒരുക്കുക.

നൂറുകണക്കിന് ചെറുപ്പക്കാർ പങ്കെടുക്കുന്ന ഫ്ളാഷ്മോബും മഹാതിരുവാതിരയും പ്രദർശന വടംവലിയുമെല്ലാമുണ്ട് ആഘോഷത്തിന് മാറ്റുകൂട്ടാൻ. സൗന്ദര്യമത്സര ജേതാവും അഭിനേത്രിയുമായ ജനനി മരിയ ഫ്ലാഷ് മോബും നർത്തകിയും 'ഡാൻസ് വിത്ത് സാത്വിക'യുടെ സ്ഥാപകയുമായ ഋക്ഥ അശോക് മെഗാ തിരുവാതിരയും ഏകോപിപ്പിക്കും. ഹാമിൽട്ടണിൽ നിന്നുള്ള ടീം ഹോക്സും ടൊറന്റോയിൽ നിന്നുള്ള ടീം ഗരുഡൻസും. രണ്ട് വനിതാ ടീമുകളും വടംവലിക്കാനിറങ്ങും. ജോഷി ലൂയിസിനാണ് ചുമതല.

കാനഡയിലെ മലയാളികൾക്ക് സുപരിചിതമായ മധുരഗീതം എഫ്എം റേഡിയോ ചാനൽ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ മിസ് ആൻഡ് മിസ്സിസ് ബ്യൂട്ടി പാജന്റിലെ മൽസരാർഥികൾ ഒരുക്കുന്ന ‘മഹാനടത്ത’മാണ് മറ്റൊരു പ്രത്യേകത. കൈകൊട്ടിക്കളിയും ഫാഷൻഷോയും സംഗീത-നൃത്ത പരിപാടികളും ഗാനമേളയും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവൻ ആഘോഷത്തിന്റെ ആവേശത്തിലാകും യങ് ആൻഡ് ഡണ്ടാസ്. ഓണസദ്യ ഉൾപ്പെടെ കേരളീയ വിഭവങ്ങളുടെ സ്റ്റാളുകളുമുണ്ടാകും.

രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റിന് തുടക്കംകുറിച്ചത്. കാനഡയിലെ വിവിധ നഗരങ്ങളിലായി ഇതുവരെ നടത്തിയ പരിപാടികളിലായി അയ്യായിരത്തിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്. മഹാഓണം പരിപാടിയോടനുബന്ധിച്ച്  മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കുന്നത്. ഇവരുടെ കൂട്ടായ്മയുടെ പ്രദർശനംകൂടിയാകും മഹാഓണം.

ജെറിൻ രാജ്,  മരിയ നികിത, ഫറാസ് മുഹമ്മദ്, അലീന തോമസ്, സന്ദീപ് രാജ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിന്റെ വിളവെടുപ്പ് ഉൽസവവും തനതുസംസ്കാരവും ആഘോഷങ്ങളുമെല്ലാം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറന്റോയുടെ തിരുമുറ്റത്ത് ലെവിറ്റേറ്റ് തിരുവോണത്തിന്റെ മഹാആഘോഷം ഒരുക്കുന്നത്.  കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ലെവിറ്റേറ്റിന്റെയും മഹാഓണത്തിന്റെയും വെബ്സൈറ്റ് സന്ദർശിക്കുക. യങ് ആൻഡ് ഡണ്ടാസിൽ മഹാഓണാഘോഷം ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ

ഫോൺ: 647-781-4743

ഇമെയിൽ: contact@levitateinc.ca

വെബ്സൈറ്റ്: levitatateinc.ca