പി പി ചെറിയാന്‍, ഡാളസ്
കേപ് കനാവറല്‍ (ഫ്‌ളോറിഡ): ബുധനാഴ്ച ലാന്‍ഡിംഗിനിടെ ഒരു ബൂസ്റ്റര്‍ റോക്കറ്റിന് തീപിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് സ്പേസ് എക്സ് വിക്ഷേപണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചു. കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള വിക്ഷേപണമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഫ്‌ളോറിഡയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ വിക്ഷേപണം നടത്തിയതിന് പിന്നാലെയാണ് അപകടം. ലാന്‍ഡിംഗിനിടെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ഫസ്റ്റ് സ്റ്റേജ് ബൂസ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിടുകയും ചെയ്തു. അപകടത്തില്‍ ആളപായമോ പൊതു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഫാല്‍ക്കണ്‍ റോക്കറ്റിന് വിലക്കേര്‍പ്പെടുത്തി.
ഇതോടെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി. ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന പൊളാരിസ് ഡോണ്‍ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജാറെഡ് ഐസക്മാന്‍ നേതൃത്വം നല്‍കുന്ന പൊളാരിസ് ഡോണ്‍ ദൗത്യ സംഘത്തില്‍ നാല് പേരാണുള്ളത്.
ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ലോഞ്ചുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് സ്‌പേസ് എക്‌സ് അപകട കാരണം കണ്ടെത്തുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്എഎ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള വിക്ഷേപണവും ഉടന്‍ നിര്‍ത്തിവെച്ചിരുന്നു.