കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 24 മണിക്കൂര്‍ ജോലി: പുതിയ സമയ ക്രമം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരും 

By: 600002 On: Aug 29, 2024, 12:58 PM

 


കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്-ക്യാമ്പസ് അംഗീകാരത്തോടെ ആഴ്ചയില്‍ 24 മണിക്കൂര്‍ ജോലി ചെയ്യാമെന്ന നയം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരും. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ ഏപ്രിലിലാണ് വിദേശ വിദ്യാര്‍ത്ഥികളുടെ ജോലി സമയം സംബന്ധിച്ച മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ക്യാമ്പസിന് പുറത്ത് ജോലി ചെയ്യുന്നത് അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനും ജീവിതചെലവുകള്‍ നികത്താനുള്ള സമ്പാദ്യം കണ്ടെത്താനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. 

നിലവില്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഓഫ്-ക്യാമ്പസ് വര്‍ക്ക് അംഗീകാരമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ താല്‍ക്കാലികമായി അനുവദിച്ചിരുന്നു. ഇനി വരാനിരിക്കുന്ന അക്കാദമിക് സെമസ്റ്റര്‍ മുതല്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. ജോലി ചെയ്യാനായി കൂടുതല്‍ സമയം അനുവദിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാര്‍ക്ക് മില്ലര്‍ ചൂണ്ടിക്കാണിക്കുന്നു.