ദുബൈ: ഗസ്സയിൽ വിവിധ ആക്രമണ സംഭവങ്ങളിലായി ഇന്നലെ നാൽപതിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഫലസ്തീനികളെയും ഇസ്രായേൽ വധിച്ചു. പത്ത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ക്രൂരതയിൽ 40,476 ഫലസ്തീനികൾക്ക് ഇതിനകം ജീവൻ നഷ്ടമായി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നൽകുന്ന സൂചന. ഗസ്സക്കും ഈജിപ്തിനും ഇടയിലെ ഫലാഡൽഫി, നെറ്റ്സറിം ഇടനാഴികളിൽനിന്ന് സൈനിക പിൻമാറ്റം സാധ്യമല്ലെന്ന ഇസ്രായേൽ നിലപാടാണ് കൈറോ ചർച്ചക്ക് തിരിച്ചടിയായത്. ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് ഹമാസ് നിലപാട്. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ, സ്ഥിതിഗതികൾ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് അമേരിക്കൻ വിലയിരുത്തൽ.