ഇ-കോളി ബാധ: ആല്‍ബെര്‍ട്ടയില്‍ ഡേകെയര്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി

By: 600002 On: Aug 29, 2024, 11:00 AM

 


ഇ-കോളി അണുബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയിലെ ഡേകെയര്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ബ്ലാക്ക്ഫാള്‍ട്ടിലുള്ള ആസ്‌പെന്‍ ലേക്‌സ് ഡിസ്‌കവറി സെന്ററിലാണ് അണുബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഡേകെയറിലെ ഒരു കുട്ടിക്ക് അണുബാധ സ്ഥിരീകരിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഡേകെയറില്‍ മൂന്ന് കുട്ടികളും ഒരു ജീവനക്കാരനും ഇ-കോളി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 136 കുട്ടികളും 25 ജീവനക്കാരും ഉള്‍പ്പെടെ 161 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഉയര്‍ന്ന അളവില്‍ ഷിഗ-ടോക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇ.കോളി ബാക്ടീരിയ(STEC) വ്യാപനത്തില്‍ അന്വേഷണം ആരംഭിച്ചതായി എഎച്ച്എസ് അറിയിച്ചു. അണുവിമുക്തമാക്കല്‍, ശുചീകരണം, ഐസൊലേഷന്‍ തുടങ്ങിയവ തുടരുന്നുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഇ.കോളി അണുബാധ പലപ്പോഴും വയറുവേദനയ്‌ക്കൊപ്പം വയറിളക്കത്തിനും കാരണമാകുന്നു. കൂടാതെ വിസര്‍ജ്യത്തില്‍ രക്തവും ഉണ്ടാകാം. ചില ആളുകളില്‍ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോ എന്നറിയപ്പെടുന്ന കൂടുതല്‍ ഗുരുതരമായ രോഗം പിടിപെടാനും കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.