ആല്‍ബെര്‍ട്ടയിലെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും കിടക്ക ലഭ്യതയെയും സാരമായി ബാധിക്കുന്നതായും ഡോക്ടര്‍മാര്‍ വീണ്ടും ആശങ്ക പ്രകടിപ്പിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മതിയായ ആരോഗ്യ പ്രവര്‍ത്തകരില്ലാത്തത് ആരോഗ്യ സംവിധാനത്തില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇത് നിലവിലുള്ള സ്റ്റാഫുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്ഥിതി കൂടുതല്‍ വഷളാകുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(എഎംഎ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകള്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ആശുപത്രികളുടെ കപ്പാസിറ്റിയിലും കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുന്നതും വെല്ലുവിളിയാണ്. കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ആരോഗ്യ സംവിധാനങ്ങളില്‍ നിയമിക്കേണ്ടത് അത്യാവശ്യമാണെന്നും എഎംഎ വാദിക്കുന്നു.