യോര്‍ക്ക് റീജിയണില്‍ വാഹന മോഷണം 106 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: Aug 28, 2024, 11:46 AM

 


യോര്‍ക്ക് റീജിയണില്‍ വാഹനമോഷണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ ഇരട്ടിയിലധികം വാഹനമോഷണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് യോര്‍ക്ക് റീജിയന്‍ പോലീസ് ചീഫ് ജിം മാക്‌സ്വീന്‍ പറഞ്ഞു. വാഹനമോഷണം വര്‍ധിക്കുന്നത് 2019 മുതല്‍ തുടരുന്ന പ്രവണതയാണെന്നും ഈ ജനുവരി മുതല്‍ മൊത്തം 64 വാഹനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 106 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വാഹനമോഷണം കൂടാതെ വെടിവെപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും വര്‍ധിച്ചതായി പോലീസ് വ്യക്തമാക്കി. ജനുവരി മുതല്‍ ഇതുവരെ 46 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 92 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യുഎസ് അതിര്‍ത്തി കടത്തിയെത്തുന്ന തോക്കുകളാണ് ഈ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നത്. വിദ്വേഷ കുറ്റകൃത്യങ്ങളും യോര്‍ക്ക് മേഖലയില്‍ വര്‍ധിച്ചിട്ടുണ്ട്. നാല് ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വാഹനമോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത മാസം രണ്ട് പ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മാക്‌സ്വീന്‍ അറിയിച്ചു.