ഹേഗ് : യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തി വിവരങ്ങള്‍ അമേരിക്കക്ക് കൈമാറിയതിന് ഊബറിന് വൻതുക പിഴ. ഡച്ച് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി(ഡിപിഎ)യാണ് 29 കോടി യൂറോ (ഏകദേശം 2718 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തിയത്.
തിരിച്ചറിയല്‍ രേഖകള്‍, വാഹനങ്ങളുടെ ലൈസൻസ്, ചിത്രങ്ങള്‍, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങള്‍, ഉപയോക്താക്കള്‍ പണം നല്‍കുന്നതിന്റെ വിശദാംശങ്ങള്‍, ഡ്രൈവർമാരുടെ മെഡിക്കല്‍ വിവരങ്ങള്‍, കേസുകളുടെ വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ ഊബർ കൈമാറ്റം ചെയ്തതായി ഡിപിഎ വ്യക്തമാക്കി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെയാണ് ഊബർ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത്. രണ്ട് വർഷത്തിലേറെയായി ഇത് തുടരുന്നുണ്ടെന്നും ഇത് യൂറോപ്യൻ യൂണിയന്റെ പൊതുവിവര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. വിവരങ്ങളുടെ കൈമാറ്റത്തിനായി അമേരിക്കയും യൂറോപ്യൻ കമീഷനും ചേർന്ന് രൂപകല്‍പന ചെയ്ത പ്രൈവസി ഷീല്‍ഡ് ചട്ടം അസാധുവാണെന്ന് 2020ല്‍ യൂറോപ്യൻ യൂണിയൻ കോടതി വിധിച്ചിരുന്നു. ഡിപിഎയുടെ തീരുമാനം അനീതിയാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഊബർ പ്രതികരിച്ചു.