കയ്റോ: ഈജിപ്തിലെ കയ്റോയിൽ നടന്ന ഇസ്രയേല്‍- ഹമാസ് വെടിനിർത്തൽ ചർച്ച വീണ്ടും പരാജയം. ഗസ്സക്കും ഈജിപ്തിനുമിടയിലെ ഫിലാഡൽഫി, നെറ്റ്സറിം ഇടനാഴികളിൽ സൈനിക സാന്നിധ്യം തുടരുമെന്ന പുതിയ നിബന്ധന ഇസ്രായേൽ മുന്നോട്ടുവെച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണം. പൂർണമായ സൈനിക പിന്മാറ്റം കൂടാതെ ബന്ദികളെ വിട്ടുനൽകില്ലെന്നും മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അതേപടി അംഗീകരിക്കാൻ തങ്ങൾ സന്നദ്ധമാണെന്നും ഹമാസ് നിലപാട് വ്യക്തമാക്കി.
“ജൂലൈ രണ്ടിന് ഞങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകളിൽനിന്ന് പിൻമാറുകയില്ല. പുതിയ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ ഞങ്ങൾ അംഗീകരിക്കുകയുമില്ല” -ഹമാസ് വക്താവ് ഉസാമ ഹംദാൻ പറഞ്ഞു. മധ്യസ്ഥ ചർച്ചക്ക് ശേഷം ഹമാസ് പ്രതിനിധി സംഘം ഞായറാഴ്ച കൈറോയിൽ നിന്ന് മടങ്ങി. യു.എസും ഖത്തറും ഈജിപ്തുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നത്.