ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച ലണ്ടന്‍ ഡ്രഗ്‌സ് മുന്‍ ജീവനക്കാരന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കാര്‍ലോസ് സാന്റോസ് (34) എന്നയാളെയാണ് തടവിന് വിധിച്ചത്. അഞ്ച് വര്‍ഷത്തിനിടെ ഏകദേശം രണ്ട് മില്യണ്‍ ഡോളറിലധികം വില വരുന്ന വസ്തുക്കളാണ് ഇയാള്‍ കമ്പനിയില്‍ നിന്നും മോഷ്ടിച്ചത്. കോടതി രേഖകള്‍ പ്രകാരം, ലണ്ടന്‍ ഡ്രഗ്‌സിന്റെ റിച്ച്മണ്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന സാന്റോസ് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മൂല്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
2017 ഫെബ്രുവരിയില്‍ ജോലി ആരംഭിച്ച് നാല് മാസത്തിനു ശേഷം തുടങ്ങിയ മോഷണങ്ങള്‍ 2022 ജനുവരി വരെ തുടര്‍ന്നു. പിന്നീട് സംശയമുണ്ടാവുകയും ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. കമ്പനി നിരീക്ഷണത്തിലായിരിക്കെ എടുത്ത 52 എണ്ണം ഉള്‍പ്പെടെ 245 വസ്തുക്കളാണ് സാന്റോസ് കമ്പനിയില്‍ നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച വസ്തുക്കള്‍ വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്ക്കായി വെക്കുകയാണ് ചെയ്തത്. വില്‍പ്പനയിലൂടെ ഇയാള്‍ 750,000 ഡോളറിനും ഒരു മില്യണ്‍ ഡോളറിനും ഇടയില്‍ തുക സമ്പാദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.