നാടുകടത്തല്‍ ഭീഷണി: കാനഡയില്‍ ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ 

By: 600002 On: Aug 27, 2024, 12:05 PM

 

 

ഫെഡറല്‍ നയമാറ്റങ്ങള്‍ കാരണം 70,000 ത്തിലധികം അന്തര്‍ദേശീയ ബിരുദ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ നാടുകടത്തലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ പുതിയ സ്വപ്‌നങ്ങളുമായി കാനഡയിലെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുമ്പോള്‍ ബിരുദധാരികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥി അഭിഭാഷക ഗ്രൂപ്പായ നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് പ്രതിനിധികള്‍ പറഞ്ഞു. സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കുടിയേറ്റ നയങ്ങളില്‍ കനേഡിയന്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാടുകടത്തല്‍ ഭീഷണി വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. 

വിദ്യാര്‍ത്ഥികളെ ഫെഡറല്‍ നയങ്ങള്‍ സാരമായി ബാധിച്ചുതുടങ്ങി. പഠനം പൂര്‍ത്തിയാക്കി സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ പദ്ധതിയിട്ട പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഭാരിച്ച വായ്പകളും തകര്‍ന്ന സ്വപ്‌നങ്ങളുമായി രാജ്യത്ത് ജീവിക്കുകയാണെന്ന് ഗ്രൂപ്പ് പറയുന്നു. 

നാടുകടത്തല്‍ ഭീഷണി നേടിരുന്ന പശ്ചാത്തലത്തില്‍ കാനഡയിലുടനീളമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി മൂന്ന് മാസത്തിലേറെയായി പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ നിയമസഭയ്ക്ക് പുറത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഒന്റാരിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രതിഷേധക്കാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.