യാത്രകള്‍ അഫോര്‍ഡബിളാക്കാന്‍ ഒരു ഡോളര്‍ അടിസ്ഥാന നിരക്കുകള്‍ പ്രഖ്യാപിച്ച് ഫ്‌ളെയര്‍ എയര്‍ലൈന്‍സ് 

By: 600002 On: Aug 27, 2024, 11:20 AM


കാനഡയിലെ അള്‍ട്രാ ലോ-കോസ്റ്റ് കാരിയര്‍ ഫ്‌ളെയര്‍ എയര്‍ലൈന്‍സ് ഒരു ഡോളര്‍ അടിസ്ഥാന നിരക്കുകള്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന ജീവിതച്ചെലവ് നേരിടുന്ന കാനഡയിലെ ജനങ്ങള്‍ക്ക് വിമാനയാത്ര കൂടുതല്‍ അഫോര്‍ഡബിള്‍ ആക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഫോര്‍ഡബിള്‍ ട്രാവല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുക എന്ന പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ പ്രഖ്യാപനമെന്ന് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പറയുന്നു. ഓഗസ്റ്റ് 26 മുതല്‍ മെക്‌സിക്കോ, അമേരിക്ക, ജമൈക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവടങ്ങളില്‍ നിന്നും കാനഡയിലേക്കുള്ള യാത്രയ്ക്കായി ഒരു ഡോളര്‍ അടിസ്ഥാന നിരക്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ വര്‍ഷം മുഴുവന്‍ അടിസ്ഥാന നിരക്കില്‍ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 

കാനഡയിലേക്ക് മടങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍. അവധിക്കാലം കഴിഞ്ഞ് എയര്‍ലൈന്‍ കമ്പനി സൂചിപ്പിച്ച സ്ഥലങ്ങളില്‍ നിന്നും മടങ്ങി കാനഡയിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. എയര്‍ലൈന്‍ അറിയിക്കുന്നതനുസരിച്ച്, സീസണും ഡിമാന്‍ഡും അനുസരിച്ച് റൂട്ടുകള്‍ ഇടയ്ക്കിടെ മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളെയറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.