മോഷണക്കേസ് പ്രതിയായ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്‍ രാജ്യം വിടാന്‍ ശ്രമിക്കവെ പിടിയിലായി

By: 600002 On: Aug 27, 2024, 10:30 AM

 


കാണാതായ വ്യക്തിയുടെ സ്വകാര്യ വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ ആരോപണ വിധേയനായ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായി. ടൊറന്റോ പോലീസ് സേനയില്‍ 16 വര്‍ഷമായി അംഗമായ കോണ്‍സ്റ്റബിള്‍ ബോറിസ് ബോറിസോവിനെ ശനിയാഴ്ച മോണ്‍ട്രിയല്‍-ട്രൂഡോ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തതായി സര്‍വീസ് ഡി പോലീസ് ഡി ലാ വില്ലെ ഡി മോണ്‍ട്രിയല്‍ അറിയിച്ചു. 2022 ഏപ്രിലിലാണ് ബോറിസോവ് ആദ്യമായി അറസ്റ്റിലായത്. 

മോഷണം, ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിക്കല്‍, മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് 48 വയസ്സുള്ള ബോറിസ് ബോറിസോവിനെതിരെ ചുമത്തിയിരിക്കുന്നത്. കാണാതായ അതേ വ്യക്തിയുടെ വാച്ച് മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 ജൂണില്‍ ബോറിസിനെ രണ്ടാമതും അറസ്റ്റ് ചെയ്തു. 

2020 മെയ് മുതലുള്ള പ്രത്യേക അന്വേഷണത്തില്‍ ഇയാള്‍ മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ 2023 ജൂണില്‍ ബോറിസ് ബോറിസോവ് വീണ്ടും അറസ്റ്റിലായി. പോലീസ് സര്‍വീസസ് ആക്ട് പ്രകാരം ആദ്യം അറസ്റ്റിന് ശേഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു.