ഹ്രസ്വകാല വാടക നിരക്ക് സംബന്ധിച്ച് പ്രതികരണങ്ങള്‍ അറിയാനും നിയമങ്ങള്‍ പുനര്‍നിര്‍മിക്കാനും കാല്‍ഗറിയിലെ താമസക്കാര്‍ക്കായി ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 30 വരെ ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി വീടുകളോ വീടുകളുടെ ഭാഗങ്ങളോ തുടര്‍ച്ചയായി 30 ദിവസം വരെ വാടകയ്‌ക്കെടുക്കുന്ന ഹ്രസ്വകാല വാടക സംവിധാനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളറിയാനാണ് സര്‍വേ. കാല്‍ഗറിയിലെ ഹ്രസ്വകാല വാടക വിപണിയിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് അറിയാനുള്ള പദ്ധതിയാണ് താമസക്കാരില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ശേഖരിക്കുക എന്നതെന്ന് ബിസിനസ് എക്‌സ്പീരിയന്‍സ് മാനേജര്‍ അന്റോണിയോ ഫയോള പ്രസ്താവനയില്‍ പറഞ്ഞു.
ഹ്രസ്വകാല വാടക വിപണിയിലെ മാര്‍ക്കറ്റ് സ്റ്റാറ്റിസ്റ്റിക്‌സ്, പൊതുധാരണകള്‍, പ്രവര്‍ത്തന വെല്ലുവിളികള്‍, ഭവന വിപണിയില്‍ ഷോര്‍ട്ട്-ടേം റെന്റലുകളുടെ സ്വാധീനം എന്നിവ പരിശോധിക്കുന്നതിനാണ് പ്രധാനമായും പഠനം ലക്ഷ്യമിടുന്നതെന്ന് സിറ്റി വ്യക്തമാക്കി.
കാല്‍ഗറിയില്‍ ഹ്രസ്വകാല വാടക വിപണി 2017 മുതല്‍ ദ്രുതഗതിയില്‍ വളരുകയാണ്. 2023 സെപ്തംബര്‍ വരെ, കാല്‍ഗറിയില്‍ ഏകദേശം 5,000 ഷോര്‍ട്ട്-ടേം റെന്റലുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ സിറ്റിയുടെ കണക്കനുസരിച്ച്, നഗരത്തിലെ 540,000 റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ഒരു ശതമാനത്തില്‍ താഴെയാണ് ഷോര്‍ട്ട്-ടേം റെന്റല്‍.