മികച്ച ജോലി കണ്ടെത്താന്‍ സഹായിക്കുന്നു; കാനഡയില്‍ സൗജന്യ ടെക് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങള്‍

By: 600002 On: Aug 26, 2024, 1:15 PM

 

കാനഡയില്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരും നിലവിലെ ജോലി ഉപേക്ഷിച്ച് പുരോഗതി കൈവരിക്കുന്ന മേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു. പുതിയ ഫീല്‍ഡില്‍ ചുവടുവയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് കാനഡയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ടെക് ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന കോഴ്‌സാണ് ComIT എന്ന സ്ഥാപനം നല്‍കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് സാങ്കേതികമേഖലയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് സൗജന്യമായി ടെക്‌നോളജി, പ്രൊഫഷണല്‍ സ്‌കില്‍സ് ട്രെയ്‌നിംഗ് ബൂട്ട് ക്യാമ്പുകള്‍ വാഗ്ദാനം ചെയ്യുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് comIT. ആയിരത്തിലധികം പേര്‍ ഇവിടെ കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി കണ്ടെത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.  

എട്ട് വര്‍ഷമായി കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ComIT യുടെ സ്ഥാപകന്‍ പാബ്ലോ ലിസ്റ്റിംഗര്‍ട്ടാണ്. യൂണിവേഴ്‌സിറ്റികളില്‍ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും പഠനം കഴിഞ്ഞ് ജോലി കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. നല്ല വരുമാനമുള്ള ജോലി കണ്ടെത്തിയാല്‍ മാത്രമേ കുടുംബം പുലര്‍ത്താന്‍ കഴിയുകയുള്ളൂ. ജോലി കണ്ടെത്താന്‍ സാധിക്കാത്ത അഭ്യസ്തവിദ്യര്‍ക്കായി സാങ്കേതിക മേഖലയില്‍ നൈപുണ്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ലിസ്റ്റിംഗര്‍ പറയുന്നു. 

ComIT  ഒരു വര്‍ഷം 12 മുതല്‍ 15 വരെ ബൂട്ട് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. വാന്‍കുവര്‍, കാല്‍ഗറി, വിന്നിപെഗ്, ടൊറന്റോ പോലുള്ള സ്ഥലങ്ങളിലുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ നയിക്കുന്ന ക്ലാസുകളും ഓണ്‍ലൈന്‍ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പാര്‍ട്ട് ടൈം കോഴ്‌സുകളാണ് എല്ലാം. മൂന്ന് മാസത്തേക്കാള്‍ പരിശീലനം. ആഴ്ചയില്‍ എട്ട് മണിക്കൂര്‍ ക്ലാസുകളില്‍ പങ്കെടുക്കണം. ഗ്രാജ്വേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ തൊഴിലുടമകളെ കണ്ടെത്താനും മികച്ച തൊഴിലുകള്‍ കണ്ടെത്താനും ComIT സഹായിക്കുന്നു.