ബാങ്ക് ഇന്‍വെസ്റ്റിഗേറ്റര്‍ തട്ടിപ്പ് സംബന്ധിച്ച് സതേണ്‍ ജോര്‍ജിയന്‍ ബേ ഒപിപിയും കനേഡിയന്‍ ആന്റി ഫ്രോഡ് സെന്ററും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളായി ആള്‍മാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ഒരു പുതിയ ഡെബിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത് വരെ അക്കൗണ്ട് പ്രൊട്ടക്റ്റ് ചെയ്യുന്നതിന് ഇരകള്‍ അവരുടെ സെല്‍ഫോണിലേക്ക് ഇന്ററാക് ഇ-ട്രാന്‍സ്ഫര്‍ ട്രാന്‍സാക്ഷന്‍ അയക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഇന്ററാക് ഇ-ട്രാന്‍സ്ഫര്‍ നെറ്റ്‌വര്‍ക്ക് വഴി അയയ്ക്കാവുന്ന പരമാവധി തുക അയച്ചയാളുടെ സാമ്പത്തിക സ്ഥാപനത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇ-ട്രാന്‍സ്ഫര്‍ ഇടപാട് നടത്തിക്കഴിയുമ്പോള്‍ URL കോഡ് ആവശ്യപ്പെടും. URL കോഡ് നല്‍കിയാല്‍, തട്ടിപ്പുകാരന് സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍, തട്ടിപ്പുകാര്‍ ആധികാരികത ഉറപ്പുവരുത്താനെന്ന വ്യാജേന ഇരയുടെ പേര്, ജനനതീയതി, ഫോണ്‍ നമ്പര്‍, അഡ്രസ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കുന്നു. ഇത് കോള്‍ ബാങ്കില്‍ നിന്നു തന്നെയാണെന്ന് ഇര വിശ്വസിക്കുന്നു. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കോളുകള്‍ വരാറില്ലെന്നും കാര്‍ഡ് നമ്പറുകളോ മറ്റോ ആവശ്യപ്പെടാറില്ലെന്നും പോലീസ് പറഞ്ഞു. എന്തെങ്കിലും തരത്തില്‍ സംശയമുണ്ടായാല്‍ ഉടന്‍ 1-888-495-8501 എന്ന നമ്പറില്‍ വിളിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചു.