യോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചമുത്തി. ഇതുകൂടാതെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സിന് ആറ് ലക്ഷം രൂപയും ഡയറക്ടര്‍ ഓഫ് ട്രെയിനിംഗിന് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് വിമാനം പറയത്തിയതിനാണ് എയര്‍ ഇന്ത്യക്ക് പിഴ ചുമത്തിയത്. യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ക്യാപ്റ്റനെ വിമാനം പറത്താന്‍ കമ്പനി നിയോഗിക്കുകയായിരുന്നുവെന്ന് ജൂലൈ 10 ന് എയര്‍ ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി. ജൂലൈ 9ന് മുംബൈയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേര്‍ന്ന് പറത്തിയത്.
ജീവനക്കാര്‍ക്ക് ജോലി നിശ്ചയിച്ച് നല്‍കുന്ന എയര്‍ ഇന്ത്യയുടെ ക്രൂ മാനേജ്‌മെന്റ് സംവിധാനത്തില്‍ വന്ന പിശകാണ് ഇതെന്നാണ് തീരുമാനം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം എയര്‍ ഇന്ത്യ തന്നെ സ്വമേധയാ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിനെ അറിയിച്ചത്. പിന്നാലെ പിഴവ് വരുത്തിയതിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഡിജിസിഎ എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചു. പിഴ ചുമത്തിയത് കൂടാതെ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് രണ്ട് പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.