ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ റെയില്‍വേ ശൃംഖലയായി മാറാന്‍ ഇന്ത്യന്‍ റെയില്‍വേ. 68,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് ശൃംഖലയുടെ 95 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള വൈദ്യുതീകരണ പദ്ധതികള്‍ക്കായി ഇടക്കാല ബജറ്റില്‍ 6,500 കോടി രൂപയാണ് വകയിരുത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വിപുലീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 85,000 കോടി രൂപയും അനുവദിച്ചതായി റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ അംഗം മുകുള്‍ ശരണ്‍ മാത്തൂര്‍ പറഞ്ഞു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഇതിനകം തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചതിനാല്‍ ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ റെയില്‍വേ സംവിധാനമായി മാറും.
പുതിയ റെയില്‍വേ സംവിധാനം പ്രതിദിനം രണ്ട് കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നു. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ അടുത്തിടെ 5,000 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തിയതായി മാത്തൂര്‍ പറഞ്ഞു. പൂര്‍ണമായും വൈദ്യുതീകണത്തിലേക്ക് മാറുന്നതോടെ കാര്‍ബണ്‍ ഉദ്വമനം 2027-28 വര്‍ഷത്തോടെ 24 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. 2014-15 കാലയളവ് മുതല്‍ റെയില്‍വേ ബ്രോഡ്‌ഗേജ് നെറ്റ്‌വര്‍ക്കില്‍ 40,000 കിലോമീറ്റര്‍ റൂട്ട് ആണ് വൈദ്യുതീകരിച്ചത്. ഈ കാലയളവില്‍ ദിവസം 1.42 കിലോമീറ്റര്‍ ആയിരുന്നു റെയില്‍ വൈദ്യുതീകരണം നടന്നിരുന്നതെങ്കില്‍ 2023-24 ആയപ്പോഴേക്കും അതി ദിവസം 19.6 കിലോമീറ്റര്‍ എന്നതിലേക്ക് എത്തി.
യൂറോപ്യന്‍ യൂണിയന്‍, യുകെ, അമേരിക്ക എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ റെയില്‍ വൈദ്യുതീകരണത്തില്‍ ഇന്ത്യ വളരെ മുന്നിലാണ്.