വോണ്‍ മില്‍സില്‍ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് സ്ത്രീയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്താണ് സംഘമെത്തിയതെന്നാണ് കരുതുന്നതെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ കറുത്ത ഹൂഡി ധരിച്ച നാല് പേര്‍ വാഹനത്തിന് സമീപം നിന്ന് തര്‍ക്കിക്കുന്നതും പിന്നീട് വാഹനത്തില്‍ നിന്നും സ്ത്രീയെ പിടിച്ചിറക്കി വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും കാണാം.
സ്ത്രീ ഇവരില്‍ നിന്നും രക്ഷപ്പെട്ടെന്നും ഇവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമേ ഏറ്റിട്ടുള്ളൂവെന്നും പോലീസ് പറഞ്ഞു. സ്ത്രീയെ ലക്ഷ്യമിട്ട് നാല്‍വര്‍ സംഘം ആസൂത്രണം ചെയ്തതാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. AXJN850 എന്ന നമ്പര്‍ പ്ലേറ്റുള്ള നീല ഹോണ്ട സിവിക്കിലാണ് നാല് പ്രതികളും സഞ്ചരിച്ചത്. ഓഗസ്റ്റ് 21 ന് ഈ വാഹനം മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.