ന്യൂബ്രണ്‍സ്‌വിക്കിലുടനീളം വില്ലന്‍ചുമ പടരുന്നതായി ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. വൈവ്‌സ് ലെഗര്‍ അറിയിച്ചു. പ്രവിശ്യയിലെ നിരവധി മേഖലകളില്‍ പതിവിലും കൂടുതല്‍ വില്ലന്‍ചുമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യ വിദഗ്ധര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലെഗര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഇതുവരെ 141 വില്ലന്‍ചുമ കേസുകളാണ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകളില്‍ ഭൂരിഭാഗവും ബാതര്‍സ്റ്റ്, അക്കാഡിയന്‍ പെനിന്‍സുല മേഖലയിലാണ്. എന്നാല്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ ഈ മേഖലയ്ക്ക് പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു. വില്ലന്‍ചുമയ്‌ക്കെതിരെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ലെഗര്‍ നിര്‍ദ്ദേശിച്ചു.