അമേരിക്ക സന്ദര്‍ശിക്കാന്‍ വിസയ്ക്കായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് സമയം നേരിടുന്നത് കനേഡിയന്‍ പൗരന്മാരാണെന്ന് റിപ്പോര്‍ട്ട്. 2022 നവംബര്‍ മുതല്‍ ഇന്ത്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ കാത്തിരിപ്പ് സമയം മെച്ചപ്പെട്ടപ്പോള്‍, കാനഡയില്‍ വിസയ്ക്കായി കാത്തിരിപ്പ് സമയം കൂടുതല്‍ നീണ്ടുപോകവുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂറിസ്റ്റ് വിസകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ക്കായുള്ള കാത്തിരിപ്പ് സമയത്തെക്കുറിച്ച് കനേഡിയന്‍ മാധ്യമം നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകമെമ്പാടും ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയം റിപ്പോര്‍ട്ട് ചെയ്യുന്ന 10 കേന്ദ്രങ്ങളില്‍ ആറെണ്ണം വിസ അപോയിന്റ്‌മെന്റ് വാഗ്ദാനം ചെയ്യുന്ന കാനഡയിലെ യുഎസ് എംബസിയിലും ഓഫീസുകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍, ബി1/ബി2 സന്ദര്‍ശക വിസയ്ക്കായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയം കാത്തിരിക്കുന്നത് ഓട്ടവ, ക്യുബെക്ക് എന്നിവടങ്ങളിലാണ്. അപേക്ഷ പ്രോസസ് ചെയ്യാനെടുക്കുന്ന സമയം 850 ദിവസമാണ്. ഹാലിഫാക്‌സ്(840), 839 ദിവസങ്ങളുമായി കാല്‍ഗറി എന്നിവയാണ് തൊട്ടുപിന്നില്‍. ടൊറന്റോയില്‍ 753 ദിവസവും, വാന്‍കുവറില്‍ 731 ദിവസവും വിസ ലഭിക്കാനായി എടുക്കും. ഇന്ത്യയില്‍ നിന്നും മെക്‌സിക്കയില്‍ നിന്നുമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിസയ്ക്കായി കാത്തിരിക്കേണ്ടി വരും. എന്നാല്‍ 2022 ല്‍ ശരാശരി കാത്തിരിപ്പ് സമയം ഇന്ത്യയ്ക്ക് 972 ദിവസവും, മെക്‌സിക്കോയ്ക്ക് 622 ദിവസങ്ങളുമായിരുന്നു. ഇത് അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 40 ദിവസം മാത്രം കാത്തിരുന്നാല്‍ മതി.
ലോകമെമ്പാടുമുള്ള 109 ലൊക്കേഷനുകളില്‍ കാത്തിരിപ്പ് സമയം കുറയുകയും ആറ് കനേഡിയന്‍ ലൊക്കേഷഷുകള്‍ ഉള്‍പ്പെടെ 84 ലൊക്കേഷനുകളില്‍ വര്‍ധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാത്തിരിപ്പ് സമയം വര്‍ധിക്കുമ്പോള്‍ വിസ അപേക്ഷകരെ ചൂഷണം ചെയ്യാനായി ഒരു കൂട്ടം തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാനഡയില്‍ വേഗത്തില്‍ വിസാ നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ അപേക്ഷകരില്‍ നിന്നും പണം തട്ടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അപേക്ഷകര്‍ ജാഗ്രതയോടെയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.